2019, മേയ് 24, വെള്ളിയാഴ്‌ച

പുണ്യം കൊണ്ടൊരു തഴമ്പ്!



പ്രവാചകപൗത്രന്‍ ഹുസൈന്‍റെ(റ) മകനാണ് സൈനുല്‍ ആബിദീന്‍. അലി എന്നായിരുന്നു യഥാര്‍ത്ഥ പേരെങ്കിലും ആരാധനയിലുള്ള സൂക്ഷ്മതയും ഭക്തിയും കൊണ്ട് ‘സൈനുല്‍ ആബിദീന്‍’ (ആരാധനകള്‍ക്ക് അലങ്കാരം) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. കച്ചവടത്തിലൂടെ സമ്പന്നനായിത്തീര്‍ന്നെങ്കിലും ഒട്ടും അഹങ്കാരം കാണിക്കാതെ, പരലോക വിജയത്തിനുള്ള നല്ല മാര്‍ഗമായി അദ്ദേഹം ധനത്തെ വിനിമയം ചെയ്തു. രഹസ്യ ധര്‍മമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. എല്ലാവരും ഗാഢനിദ്രയിലാകുമ്പോള്‍ പാതിരാത്രിയില്‍ പൊടിച്ചാക്കുകള്‍ തോളിലേറ്റി അദ്ദേഹം വീടുവിട്ടിറങ്ങും. യാചിക്കാന്‍ മടിയുള്ള പാവങ്ങളെ കണ്ടെത്തി അവര്‍ക്കത്‌ നല്‍കും. അവര്‍ക്കാര്‍ക്കും സ്വന്തം പേരോ മറ്റു വിവരങ്ങളോ അദ്ദേഹം നല്‍കില്ല. നിരവധി പട്ടിണിപ്പാവങ്ങള്‍ അദ്ദേഹം നല്‍കുന്ന ഉപജീവനത്തിലൂടെ സുഭിക്ഷമായി ജീവിച്ചു. പെട്ടെന്നൊരു ദിനം മുതല്‍ അദ്ദേഹത്തെ കാണാതായി. ആ പാവങ്ങളെല്ലാം പട്ടിണിയിലായി. പിന്നീടാണവര്‍ അറിയുന്നത്, ആ മഹാനായ മനുഷ്യന്‍ മരിച്ചു പോയെന്ന്! അപ്പോഴാണ്‌ പ്രവാചകന്റെ പൗത്രനായിരുന്നു ആ രഹസ്യ ധര്‍മിഷ്ഠന്‍ എന്ന് ജനങ്ങളെല്ലാം അറിയുന്നത്.

സൈനുല്‍ ആബിദീന്‍റെ മയ്യിത്ത് കുളിപ്പിക്കാന്‍ വെച്ചപ്പോള്‍ , ആ മുതുകില്‍ കട്ടിയായിക്കിടക്കുന്ന തഴമ്പ് കണ്ടപ്പോള്‍ , അതെന്താണെന്ന് ആളുകള്‍ പരസ്പ്പരം ചോദിച്ചു. “പട്ടണത്തിലെ നൂറുകണക്കിന് വീടുകളിലേക്ക് പൊടിച്ചാക്കുകള്‍ ചുമന്ന തഴമ്പാണിത്‌. ഈ മനുഷ്യന്റെ വേര്‍പ്പാടോടെ ആ പാവങ്ങള്‍ക്ക് രക്ഷിതാവ് നഷ്ട്ടപ്പെട്ടു” – കൂട്ടത്തിലൊരാള്‍ പറഞ്ഞു.
തഖ്‌വയുടെ സ്വാധീനമാണ് സൈനുല്‍ ആബിദീന്‍റെ ജീവിതത്തില്‍ തെളിഞ്ഞു കാണുന്നത്. പാതിരാവില്‍ പൊടിച്ചാക്കുകളുമായി പാവങ്ങളെത്തേടി അലയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈമാന്‍ ഒന്നുമാത്രമായിരുന്നു. മദീനയുടെ ഏതോ അറ്റത്ത് സഹായിക്കാന്‍ ആരുമില്ലാതെ കഷ്ടപ്പെടുന്ന ഒരു വൃദ്ധയെക്കുറിച്ച് ഉമര്‍ (റ) അറിഞ്ഞു. പ്രഭാതത്തിനും മുന്‍പ് അദ്ദേഹം ആ വൃദ്ധയെ സഹായിക്കാനെത്തി. പക്ഷേ അതിനും മുന്‍പേ ആരോ വന്നു അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു പോയിട്ടുണ്ട്! പിറ്റേ ദിവസം അതിലേറെ നേരത്തെ അദ്ദേഹം അവിടെ എത്തി. അപ്പോഴും തലേദിവസത്തെ കാഴ്ച തന്നെ ആയിരുന്നു അവിടെ! മൂന്നാമത്തെ ദിവസം ആ സേവകനെ കണ്ടുപിടിക്കാന്‍ അതിലും നേരത്തെ ഉമര്‍ ആ വീട്ടിലെത്തി. ഇരുട്ട് മായുന്നതിനും വളരെ മുന്‍പ് ഒരാള്‍ നടന്നു വരുന്നു. ആളെ വ്യക്ത്തമാകുന്നില്ല. തൊട്ടടുത്തെത്തിയപ്പോള്‍ ഉമര്‍ (റ) അയാളെ കടന്നുപിടിച്ചു. അപ്പോഴാണ്‌ ആളെ തിരിച്ചറിയുന്നത്; ഖലീഫ അബൂബക്കര്‍ (റ). ആളെ വ്യക്തമായപ്പോള്‍ ഉമര്‍ (റ) പറഞ്ഞതിങ്ങനെ: “അബൂബക്കര്‍ , എനിക്കറിയാമായിരുന്നു, താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ ഈ വിഷയത്തില്‍ എന്നെ തോല്‍പ്പിക്കാനാവില്ലെന്ന്.”
രഹസ്യ ജീവിതത്തിന്റെ ഉള്ളിന്റെയുള്ളിലും പരമമായ ഭക്തി സൂക്ഷിക്കാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമാണ്. ആരാധനകള്‍ കൊണ്ടും കീര്‍ത്തനങ്ങള്‍ കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും ജീവിതത്തെ ധന്യമാക്കുന്നതോടൊപ്പം, സല്‍കര്‍മങ്ങള്‍ കൊണ്ട് ഐശ്വര്യപൂര്‍ണമാക്കുക കൂടി വേണം.
സ്വകാര്യ സന്ദര്‍ഭങ്ങളെ രണ്ടു രീതിയിലാണ് നാം വിനിയോഗിക്കേണ്ടത്. ഒന്ന്, ആത്മ വിചാരണക്ക്. സൂക്ഷ്മമായ ജീവിത രീതി വ്യക്തി ശുചിത്വത്തിനുള്ള നല്ല വഴിയാണ്. ജീവിത വഴികളില്‍ പറ്റിചേര്‍ന്നിട്ടുള്ള അഴുക്കുകളെ കഴുകി വെടിപ്പാക്കാന്‍ സ്വകാര്യതയിലെ ആത്മ വിചാരണ ഉത്തമ മാര്‍ഗമാണ്. രണ്ടാമത്തേത്, സല്‍പ്രവര്‍ത്തികളാണ്. അറിയാനോ അഭിനന്ദിക്കാനോ ആരും ഇല്ലാത്തപ്പോള്‍ മനസ്സ് അല്ലാഹുവിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടും. തഹജ്ജുദിന്റെ അനുഭവം അതാണ്‌..
സ്വയം വിചാരണക്ക് മാത്രമല്ല, സ്വയം വിശകലനത്തിനും സ്വകാര്യത തന്നെയാണുത്തമം. ഒറ്റയ്ക്കാവുമ്പോള്‍ എന്താണ് മനസ്സില്‍ തോന്നുന്നത്? എന്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്? എന്താണ് ചെയ്യുന്നത്? എന്നൊക്കെ നിരീക്ഷിച്ചു അവനവനെക്കുറിച്ച് അറിയാം. തിന്മ ചെയ്യാനാണ് മനസ്സ് കൊതിക്കുന്നതെങ്കില്‍ ശക്ത്തമായ ശിക്ഷണം ഇനിയും മനസ്സിനുണ്ടാകണമെന്നര്‍ത്തം. ഒന്‍പതു വസിയ്യത്തുകള്‍ നല്‍കുന്ന പ്രസക്തമായ ഒരു ഹദീസില്‍ , ആദ്യത്തെ വസ്വിയ്യത്ത്‌ “സ്വകാര്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും കളങ്കങ്ങളില്ലാതെ ജീവിക്കുക” എന്നതാണ്. അല്ലാഹുവെപ്പറ്റിയുള്ള ഭയവും ഭക്തിയും കൂടുതല്‍ പ്രകടമാകേണ്ടത് സ്വകാര്യതയിലാണ്. നല്ലത് ചെയ്തും, നല്ലത് കണ്ടും, നല്ലത് കൊതിച്ചും സ്വകാര്യ സന്ദര്‍ഭങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുക. സൈനുല്‍ ആബിദീനും ഉമറും അബൂബക്കറും ആ അര്‍ത്ഥമാണ് ആഹ്വാനം ചെയ്യുന്നത്. മായാത്ത തഴമ്പായി മുതുകില്‍ ബാക്കിയായത്, സ്വകാര്യതയിലും ജ്വലിച്ചു നിന്ന ഈമാനിന്റെ അഴകാണ്.

2019, മേയ് 18, ശനിയാഴ്‌ച

വ്രതം വെറുതെയല്ല


അനാഥയെ പടിക്കുപുറത്തേക്ക് ആട്ടിപ്പായിച്ചും അഗതികള്‍ക്ക് അന്നമുറപ്പുവരുത്താന്‍ ശ്രമിക്കാതെയും മതനിഷേധംകാട്ടുന്ന നമസ്‌കാരക്കാരന് കൊടിയ ശിക്ഷയെ കുറിച്ച് മുന്നറിയിപ്പുനല്‍കിയ മതമാണ് ഇസ്‌ലാം. വിശ്വാസിയെന്ന നിലക്ക് അനുവര്‍ത്തിക്കേണ്ട അടിസ്ഥാനകര്‍മങ്ങളുടെ ഉദ്ദേശ്യമാണ് ഈയൊരു മുന്നറിയിപ്പിലൂടെ മുസ്‌ലിംകള്‍ക്ക് അത് പകര്‍ന്നുകൊടുത്തത്. അതുപോലെ മറ്റ് അടിസ്ഥാനകര്‍മങ്ങളായ സകാത്തിന്റെയും ഹജ്ജിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മുത്തഖിയാക്കിത്തീര്‍ക്കുന്ന റമദാന്‍ നോമ്പിന്റെ സാരവും അവന് ബോധ്യമാവുകതന്നെ ചെയ്യും.

നാം വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാറുണ്ട്. ഇന്ധനം കത്തിച്ചുതീര്‍ക്കാനല്ല നാം വാഹനമുപയോഗിക്കുന്നത്. നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് വാഹനം ചെയ്യുന്നത്. ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിക്കുന്ന ഇന്ധനം ആവശ്യമായ അളവില്‍ നല്‍കിക്കൊണ്ടിരിക്കുന്നു എന്ന് കരുതി അതിനുവേണ്ടിയാണ് വാഹനം എന്ന ് നാം ധരിക്കാറില്ല. അതുപോലെയാണ് നമ്മുടെ നോമ്പും . പകല്‍വേളയില്‍ പട്ടിണി കിടക്കുകയാണ് വിശ്വാസി. എന്നാലോ പട്ടിണി പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യമതിനൊട്ടില്ലതാനും. അന്ന-പാനീയ-കാമനകള്‍ ഉപേക്ഷിക്കുന്നത് തഖ്‌വയെന്ന ലക്ഷ്യം കൈവരിക്കാനാണ്. ആ ലക്ഷ്യത്തിലെത്തിയാലേ നോമ്പ് സാര്‍ഥകമാകൂ. അല്ലാതെ പട്ടിണികിടന്നതുകൊണ്ടുമാത്രം കാര്യമില്ല, അതിനു പ്രതിഫലവുമില്ല. പട്ടിണി കിടക്കുകയെന്ന ആത്മീയ പീഢയായിരുന്നു ലക്ഷ്യമെങ്കില്‍ ഇരുപതും ഇരുപത്തിനാലും മണിക്കൂര്‍ തുടര്‍ച്ചയായി വ്രതത്തില്‍ തുടരാന്‍ അല്ലാഹു കല്‍പിച്ചേനെ.

തഖ്‌വ കൈവരിച്ചെങ്കിലേ റമദാന്റെ ഉദ്ദേശ്യലക്ഷ്യം പൂര്‍ത്തിയാകുന്നുള്ളൂ എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ റമദാനില്‍ വ്രതമനുഷ്ഠിക്കുന്നവനുള്ള പ്രതിഫലം അവന് പൂര്‍ണമായും ലഭിക്കുക അവന്റെ ശിഷ്ടകാലപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും. കാരണം, വിശ്വാസിയെന്ന നിലയില്‍ കച്ചവടക്കാരന്‍ തന്റെ കൊള്ളക്കൊടുക്കകളിലും , തൊഴിലാളി തന്റെ അധ്വാനത്തിലും, അധ്യാപകന്‍ തന്റെ ശിക്ഷണപ്രക്രിയയിലും, ഡ്രൈവര്‍ തന്റെ വാഹനയോട്ടത്തിലും, കര്‍ഷകന്‍ തന്റെ ഉല്‍പാദനപ്രക്രിയയിലും എത്രമാത്രം സൂക്ഷ്മതയും ദൈവികനിര്‍ദേശവും പിന്‍പറ്റി എന്നതായിരിക്കും അല്ലാഹു പരിശോധിക്കുക. ഇതാകട്ടെ കേവലം റമദാന്‍ മാസത്തില്‍ മാത്രം പരിമിതവുമല്ല.

എന്നാല്‍ തഖ്‌വ മുറുകെപ്പിടിക്കാന്‍ കഴിയുന്നതെങ്ങനെ? അതിനുള്ള വഴി അല്ലാഹു തന്നെ അറിയിച്ചുതന്നിട്ടുണ്ട്. ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദേശങ്ങളെ അറിയുകയും അതിനെ പിന്‍പറ്റുകയും ചെയ്യുമ്പോഴേ അത് സാധിക്കുകയുള്ളൂ. അല്ലാഹു നമുക്ക് മുഹമ്മദ് നബി(സ)യിലൂടെ അറിയിച്ചുതന്ന ആ നിര്‍ദേശങ്ങളാണ് ഖുര്‍ആന്‍. ഖുര്‍ആനെപ്പറ്റി അത് സ്വയംവിശേഷിപ്പിച്ചത് തഖ്‌വ കൈക്കൊള്ളുന്നവര്‍ക്ക് വഴികാട്ടിയാണെന്നാണ് (അല്‍ബഖറ 2).ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍ എന്നതാണ് അതിനെ പുണ്യകരമാക്കുന്നത്. അതായത്, പട്ടിണി കിടക്കുന്ന നോമ്പല്ല , മറിച്ച് മുത്തഖിയാകാന്‍ സഹായിക്കുന്ന ഖുര്‍ആനാണ് റമദാനെ സവിശേഷമാക്കിയതെന്നര്‍ഥം. ആ വിശുദ്ധഖുര്‍ആന്‍ അറബിയിലായതുകൊണ്ട് അതിലെ നിര്‍ദേശങ്ങള്‍ നാം ഏതുവിധേനയും മനസ്സിലാക്കിയെടുത്തേ തീരൂ. രോഗിക്ക് മരുന്ന് കുറിപ്പടി വായിച്ചാലല്ല മരുന്ന് തന്നെ അകത്താക്കിയാലേ രോഗം മാറൂ എന്നതുപോലെ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അന്ധമായി പാരായണംചെയ്താലല്ല അതിനെ ഹൃദയത്തിനകത്താക്കിയാലേ(ഹൃദ്യമാക്കിയാലേ) മുത്തഖിയാവുകയുള്ളൂ. ആ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ തയ്യാറാകുന്നവന് ആയിരംമാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ രാവ്(ലൈലത്തുല്‍ ഖദ്ര്‍) ഒരുക്കിവെച്ചത് അതുകൊണ്ടാണ്.

അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാനുള്ള വിശാലഹൃദയവും മനസ്സും അവന്റെ കാരുണ്യമുണ്ടെങ്കിലാണ് നമുക്ക് ലഭിക്കുക. ആ കാരുണ്യമാണ് നമുക്ക് പാപമോചനവും നരകവിമുക്തിയും സ്വര്‍ഗപ്രവേശനവും നല്‍കുന്നത്.അതിനാല്‍ റമദാനിലുടനീളം നാം കരുണാമയനായ അല്ലാഹുവിനോട് മേല്‍പറഞ്ഞതെല്ലാം മനമുരുകി കരളുരുകി ചോദിച്ചുകൊണ്ടേയിരിക്കണം. അങ്ങനെ ചോദിക്കുമ്പോള്‍ പാലിക്കേണ്ട ഒരു നിബന്ധനയുണ്ട്: ഭക്ഷണവും പാനീയവും വസ്ത്രവും ഉപജീവനമാര്‍ഗവും ഹറാമുകളില്‍നിന്ന് മുക്തമായിരിക്കണം എന്നതാണത്.
വിശുദ്ധറമദാന്‍ ഒരുക്കുന്ന അസുലഭാവസരമാണ് നമ്മുടെ മുന്നിലുള്ളത്. അത് നഷ്ടപ്പെടുത്തിയവന് ഇഹ-പര ലോകങ്ങള്‍ നഷ്ടമായിരിക്കുന്നു. പ്രിയപ്പെട്ടവരുടെ വേര്‍പാടും, ബിസിനസിലെ തകര്‍ച്ചയും, ജനിച്ചനാള്‍മുതല്‍ പിന്തുടരുന്ന ദാരിദ്ര്യവും അങ്ങനെ എണ്ണിയാല്‍ തീരാത്ത ഭൗതികജീവിതത്തിലെ ഏത് നഷ്ടവും നിസ്സാരമാണെന്ന് തിരിച്ചറിയുക. എന്നാല്‍ അന്തിമവിജയമായി നാം മനസ്സിലാക്കിയ സ്വര്‍ഗം കൈവരിക്കാന്‍കഴിഞ്ഞില്ലെങ്കില്‍ ജീവിതം മഹാനഷ്ടത്തിലാണ്. കാര്യങ്ങളെ ഇനിയും തിരിച്ചറിഞ്ഞ് തിരുത്താനുള്ള ഈ അവസരം നാം വിവേകപൂര്‍വം പ്രയോജനപ്പെടുത്താന്‍ അല്ലാഹു തൗഫീഖ് ചെയ്യട്ടെ! ആമീന്‍.(കടപ്പാട്)

2019, മേയ് 17, വെള്ളിയാഴ്‌ച

മഗ്ഫിറതിനെ തേടേണ്ട 10 ദിനങ്ങള്‍



പരിശുദ്ധ റമദാനിന്‍റെ രണ്ടാമത്തെ പത്ത് സമാഗതമായിരിക്കുകയാണ്. ആദ്യ പത്തിലെ  കാരുണ്യ വര്‍ഷത്തിന് ശേഷം ഈ പത്തില്‍ വിശ്വാസികളെ അല്ലാഹു അനുഗ്രഹിക്കുന്നത് പാപമോചനവുമായിട്ടാണ്. പാപമോചനം നല്‍കുന്നവന്‍ എന്നര്‍ഥമുള്ള ഗഫൂര്‍ എന്നത് അല്ലാഹുവിന്‍റെ 99 പേരുകളിലൊന്നാണ്.

പ്രതിഫലം പ്രതീക്ഷിച്ചും പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചും ആരെങ്കിലും റമദാനില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്‍റെ മുന്‍ കാല തെറ്റുകള്‍ പൊറുക്കപ്പെടുമെന്ന് റസൂല്‍ (സ) തങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.

അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുകയെന്ന തെറ്റ് ചെയ്യാത്ത ഏതൊരാള്‍ക്കും അല്ലാഹു സര്‍വ്വ തെറ്റുകളും പൊറുക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.(3:48)

ഖുര്‍ആനിലെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒരു സൂക്തം പാപമോചനത്തെ സംബന്ധിച്ചുള്ളതാണ്. അല്ലാഹു പറയുന്നു, 'പറയുക, സ്വന്തത്തോട് അതിക്രമം കാട്ടിയ എന്‍റെ അടിമകളെ, അല്ലാഹുവിന്‍റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങള്‍ ഭഗ്നാശരാകരുത്. അവന്‍ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവന്‍ തന്നെ തീര്‍ച്ച. (39:53)

ഈ ആയതില്‍ അതിരില്ലാത്ത തെറ്റുകള്‍ ചെയ്ത ആളുകളെ അല്ലാഹു വിളിക്കുന്നത് എന്‍റെ അടിമകളെ എന്നാണ്. മാത്രമല്ല, അവന്‍ പാപങ്ങള്‍ മാപ്പാക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞതിന് ശേഷം വീണ്ടും പൊറുക്കുന്നവന്‍, കരുണാമയന്‍ എന്നര്‍ഥമുള്ള വാക്കുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു എന്നത് കൊണ്ട് തന്നെ ഈ ആയത് സത്യവിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു അവരുടെ തെറ്റുകള്‍ നന്മകളാക്കി പരിവര്‍ത്തിപ്പിക്കുമെന്നും അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണെന്നും സുറതുല്‍ ഫുര്‍ഖാനിലൂടെ അവന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിന്‍റെ അപാരമായ പാപമോചനത്തെയാണ് ഈ ആയത് മനസ്സിലാക്കിത്തരുന്നത്. യഥാര്‍ഥമായ രീതിയില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് എല്ലാ തെറ്റുകളും പൊറുത്ത് കൊടുക്കുക മാത്രമല്ല, മറിച്ച് അവര്‍ അല്ലാഹുവിനെ ധിക്കരിച്ച് ചെയ്ത തെറ്റുകളെല്ലാം നന്മകളാക്കി മാറ്റുക കൂടി ചെയ്യുമെന്ന ഓഫര്‍ അതിന്‍റെ തെളിവാണ്.

തൗബ ചെയ്യുക വഴിയാണ് അല്ലാഹു ദോഷങ്ങള്‍ പൊറുക്കുക. എത്ര വലിയ തെറ്റുകള്‍ ചെയ്താലും തൗബ ചെയ്യാന്‍ അവസരമുണ്ടെന്നാണ് ഇസ്ലാമിലെ അധ്യാപനം. ബനൂ ഇസ്റാഈല്യനായിരുന്ന ഒരു വ്യക്തിയുടെ കഥ ഇവിടെ പരാമര്‍ശനീയമാണ്. 99 പേരെ വധിച്ച ഈ വ്യക്തി ഒടുവില്‍ മാനസാന്തരപ്പെട്ട് ഒരു പണ്ഡിതനെ സമീപിച്ച് ചോദിച്ചു, 99 പേരെ കൊന്ന വ്യക്തിയാണ് ഞാന്‍, എനിക്ക് തൗബ ചെയ്യാന്‍ അവസരമുണ്ടോ? അവസരമില്ലെന്നായിരുന്നു പണ്ഡിതന്‍റെ മറുപടി. അതോടെ അയാള്‍ പണ്ഡിതനെയും കൊന്ന് തന്‍റെ കൊലയുടെ എണ്ണം 100ലെത്തിച്ചു. എന്നാല്‍ ഇയാള്‍ക്ക് വീണ്ടും മനസാന്തരമുണ്ടായി. മറ്റൊരു പണ്ഡിതനെ സമീപിച്ച് തന്‍റെ കുറ്റം ഏറ്റ് പറഞ്ഞ് തനിക്ക് തൗബയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തൗബക്ക് അവസരമുണ്ടെന്നായിരുന്നു ആ പണ്ഡിതന്‍ മറുപടി നല്‍കിയത്. ഒരു പ്രത്യേക നാട്ടിലേക്ക് പാലായനം ചെയ്യാനും അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആളുകള്‍ക്കൊപ്പം താമസിക്കാനും തിന്മയുടെ കേന്ദ്രമായ തന്‍റെ നാട്ടിലേക്ക് ഒരിക്കലും മടങ്ങി വരരുതെന്നും ആ പണ്ഡിതന്‍ മറുപടി നല്‍കി.

ആ സ്ഥലത്തേക്ക് പുറപ്പെട്ട ഈ വ്യക്തിക്ക് പക്ഷേ തന്‍റെ ലക്ഷ്യസ്ഥാനത്തേക്കെത്താനായില്ല. വഴി മധ്യേ അയാള്‍ മരണപ്പെട്ടു. അയാളുടെ ആത്മാവ് ആര് കൊണ്ട് പോവണമെന്ന വിഷയത്തില്‍ റഹ്മത്തിന്‍റെയും ശിക്ഷയുടെയും മലകുകള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. മനുഷ്യരൂപത്തില്‍ വന്ന മറ്റൊരു മലക് ഇങ്ങനെ തീര്‍പ്പ് പറഞ്ഞു, "ഇയാള്‍ മരണപ്പെട്ട സ്ഥലത്ത് നിന്ന് അളന്ന് നോക്കൂ, ഏത് നാടിനോടാണോ ഇയാള്‍ അടുത്ത് നില്‍ക്കുന്നത് ആ നാടിനോടാണ് അയാളുടെ ബന്ധം". അളന്ന് നോക്കുമ്പോള്‍ നന്മയുടെ നാടിനോട് അടുത്തായാണ് കാണപ്പെട്ടത്. അതോടെ അയാളുടെ ആത്മാവ് റഹ്മത്തിന്‍റെ മലകുകളുടെ ചിറകിലേറി സ്വര്‍ഗീയ സോപാനത്തിലേക്ക് പറന്ന് പോയി. എത്ര വലിയ കൊടിയ തെറ്റുകള്‍ ചെയ്താലും അല്ലാഹുവിന്‍റെ മഗ്ഫിറത്ത് അയാള്‍ക്ക് ലഭിക്കുമെന്ന സന്ദേശമാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്.

നിഷ്കളങ്കമായ തൗബ ചെയ്യുക വഴിയാണ് അല്ലാഹു ദോഷങ്ങള്‍ പൊറുക്കുക. എന്നാല്‍ ചില നന്മകള്‍ അനുഷ്ഠിക്കുക വഴിയും ദോഷങ്ങള്‍ പൊറുക്കപ്പെടും. പരിപൂര്‍ണ്ണമായ രീതിയില്‍ വുളൂ ചെയ്താല്‍ തെറ്റുകള്‍ ശരീരത്തില്‍ നിന്ന് പുറത്ത് പോവുമെന്ന് റസൂല്‍ (സ) തങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. മുഖവും കൈകാലുകളും കഴുകപ്പെടുമ്പോള്‍ ആ അവയവങ്ങള്‍ കൊണ്ടെല്ലാം ചെയ്ത തെറ്റുകള്‍ നീങ്ങിപ്പോവുമെന്നും റസൂല്‍ (സ) പഠിപ്പിക്കുന്നുണ്ട്. അറഫ നോമ്പനുഷ്ഠിച്ചാല്‍ തൊട്ട് മുമ്പും ശേഷവുമുള്ള വര്‍ഷങ്ങളില്‍ ചെയ്ത, ചെയ്യുന്ന തെറ്റുകള്‍ പൊറുക്കപ്പെടുമെന്ന് മറ്റൊരു ഹദീസ് പഠിപ്പിക്കുന്നുണ്ട്. നിരോധിക്കപ്പെട്ടതിലെ വന്‍ദോഷങ്ങളില്‍ നിന്ന് അകന്ന് നിന്നാല്‍ ചെറുദോശങ്ങള്‍ പൊറുക്കപ്പെടുമെന്ന മറ്റൊരു ഓഫര്‍ അല്ലാഹു ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നുണ്ട്.

ഒരു സത്യവിശ്വാസി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വഴിയും അല്ലാഹു ദോഷങ്ങള്‍ പൊറുത്ത് തരുന്നതാണ്. നബി (സ) പറയുന്നു, "ഒരു മുഅ്മിന്‍ അനുഭവിക്കുന്ന ഓരോ വിഷമവും ബുദ്ധിമുട്ടും രോഗവും വഴി അല്ലാഹു ദോഷങ്ങള്‍ പൊറുക്കും, അവന്‍റെ കാലില്‍ തറക്കുന്ന മുള്ള് പോലും അതിന് കാരണമത്രെ".

ചുരുക്കത്തില്‍ അല്ലാഹു പൊറുത്ത് നല്‍കുന്നവനും കാരുണ്യവാനുമാണ്. എന്നാല്‍ മനസ്സിനുള്ളില്‍ നിന്ന് വരുന്ന പശ്ചാത്താപവും പ്രാര്‍ത്ഥനകളുമാണ് അവന്‍റെ കാരുണ്യത്തെ ഒരു മുഅ്മിനിന് നേടിക്കൊടുക്കുന്നത്. അത് മനസ്സിലാക്കി അല്ലാഹുമ്മ ഇഗ്ഫിര്‍ ലീ ദുനൂബൂ യാറബ്ബല്‍ ആലമീന്‍ (ലോക രക്ഷിതാവേ, എന്‍റെ തെറ്റുകള്‍ നീ പൊറുത്ത് നല്‍കേണമെ) എന്ന പ്രാര്‍ഥന ഓരോ സത്യവിശ്വാസിയുടെയും ചുണ്ടുകളില്‍ സദാ ഉരുവിടേണ്ട സമയമാണിത്.
(കടപ്പാട്)

പുണ്യം കൊണ്ടൊരു തഴമ്പ്!

പ്രവാചകപൗത്രന്‍ ഹുസൈന്‍റെ(റ) മകനാണ് സൈനുല്‍ ആബിദീന്‍ .  അലി എന്നായിരുന്നു യഥാര്‍ത്ഥ പേരെങ്കിലും ആരാധനയിലുള്ള സൂക്ഷ്മതയും ഭക്തിയും കൊണ്ട് ...