2017 മേയ് 30, ചൊവ്വാഴ്ച

റമളാനും...ഖുർആനും

പരസ്പരം സ്‌നേഹിക്കുന്ന രണ്ട്  സുഹൃത്തുക്കളെപ്പോലെയാണ് റമദാനും ഖുര്‍ആനും. പല നിലക്കും അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: 'ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും സത്യത്തില്‍നിന്നും അസത്യത്തില്‍നിന്നുമുള്ള വിവേചനവുമായി ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍'  (2: 185).

വിവിധ രൂപത്തിലായിരുന്നു അല്ലാഹുവില്‍നിന്നും പ്രവാചകരിലേക്കുള്ള വിശുദ്ധ ഖുര്‍ആന്റെ അവതരണം. ലൗഹുല്‍ മഹ്ഫൂളില്‍നിന്നും അത് മൊത്തമായി ഒന്നാം ആകാശത്തിലേക്ക് ഇറക്കപ്പെട്ടത് റമദാന്‍ മാസത്തിലാണ്. അവിടെനിന്നാണ് സമയ സന്ദര്‍ഭോജിതം പ്രവാചകരിലേക്ക് അതിന്റെ അവതരണമുണ്ടായത്. അതുകൊണ്ടുതന്നെ, റമദാന്‍ ഖുര്‍ആന്‍ അവതരിച്ച മാസമായി അറിയപ്പെട്ടു. റമദാന്‍ സമാഗതമായാല്‍ ജിബ്‌രീല്‍ (അ) ഇങ്ങിവരികയും പ്രവാചകന് ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ പ്രവാചകന്‍ അത് സശ്രദ്ധം ശ്രവിക്കുകയും അതിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം.

നോമ്പുകാരന്‍ റമദാന്‍ കാലത്ത് തന്റെ ആത്മാവിനോട് ചേര്‍ത്തുപിടിക്കുന്ന ഒന്നാണ് വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആനിനോടു കൂടെയാണ് ഈ കാലയളവില്‍ അവന്‍ തന്റെ ജീവിതം സംവിധാനിക്കുന്നതും. മനുഷ്യനും ഖുര്‍ആനും തമ്മിലുള്ള ബന്ധം കുറിക്കുന്ന ചില സൂക്തങ്ങള്‍ കാണുക. അല്ലാഹു പറയുന്നു: 'ബുദ്ധിയുള്ളവര്‍ ചിന്തിക്കാന്‍ വേണ്ടിയും പാഠമുള്‍കൊള്ളാന്‍വേണ്ടിയും നാം അതിനെ താങ്കള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു' (38: 29).

'അവര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ. അതോ, അവരുടെ ഹൃദയങ്ങള്‍ താഴിട്ട് പൂട്ടപ്പെട്ടതാണോ?' (47: 24).

'അവര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ. അത് അല്ലാഹുവല്ലാതെ മറ്റാരില്‍നിന്നെങ്കിലുമുള്ളതായിരുന്നുവെങ്കില്‍ അതില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ എത്തിക്കുമായിരുന്നു' (4: 82).

നോമ്പുകാലത്ത് ഖുര്‍ആന്‍ പാരായണത്തിന് സവിശേഷമായൊരു രുചിയും മാധുര്യവുമുണ്ട്. നോമ്പുകാരനില്‍ അത് സുപ്രധാനമായ ചിന്തകളും താല്‍പര്യങ്ങളും ജനിപ്പിക്കുന്നു. അവനില്‍ ഉന്മേശവും എനര്‍ജിയും പകര്‍ന്ന് നല്‍കുന്നു.

ഖുര്‍ആന്‍ അവതരണത്തിന്റെ ഓര്‍മകള്‍ മടക്കിക്കൊണ്ടുവരികയാണ് ഓരോ റമദാനും. അതിനെ പ്രവാചകന്‍ എങ്ങനെ സ്വീകരിച്ചുവെന്നും മുന്‍ഗാമികള്‍ എങ്ങനെ അതുമായി ബന്ധപ്പെട്ടുവെന്നും വിശ്വാസി ഇവിടെ അനുസ്മരിക്കുന്നു.

ഖുര്‍ആന്‍ പാരായണം പ്രോത്സാഹിപ്പിക്കുന്ന ധാരാളം ഹദീസുകള്‍ കാണാം. പ്രവാചകന്‍ പറയുന്നു: 'നിങ്ങള്‍ ഖുര്‍ആന്‍ ഓതുക. അത് അന്ത്യനാളില്‍ നിങ്ങള്‍ക്ക് ശുപാര്‍ശകനായി കടന്നുവരും.' മറ്റൊരു ഹദീസില്‍ കാണാം: 'നിങ്ങളില്‍ ഏറ്റവും ഉന്നതന്‍ ഖുര്‍ആന്‍ പഠിച്ചവനും അതിനെ പഠിപ്പിക്കുന്നവനുമാണ്.' മറ്റൊരിടത്ത് പറയുന്നു: 'നിങ്ങള്‍ സൂറത്തുല്‍ ബഖറയും ആലുഇംറാനും ഓതുക. അത് അന്ത്യനാളില്‍ മേഘം പോലെ നിങ്ങള്‍ക്ക് തണല്‍ വിരിച്ചുതരും.' 'ഖുര്‍ആനില്‍ നുപുണത നേടുകയും അതിനെ പാരായണം നടത്തുകയും ചെയ്യുന്നവര്‍ സമുന്നതരായ മാലാഖമാരോടൊപ്പമായിരിക്കും. ഖുര്‍ആനില്‍ പ്രാഗല്‍ഭ്യം നേടാതെ വിക്കോടുകൂടി അത് പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്.'

ഇതില്‍നിന്നെല്ലാം പാഠമുള്‍കൊണ്ടവരായിരുന്നു സലഫുസ്സ്വാലിഹീങ്ങള്‍. റമദാന്‍ മാസം വന്നാല്‍ അവര്‍ ഖുര്‍ആന്‍ തുറക്കുകയും അതിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി, അതോടൊപ്പം യാത്ര നടത്തുമായിരുന്നു.

ഇമാം മാലിക് (റ) റമദാന്‍ വന്നണഞ്ഞാല്‍ പിന്നെ ഖുര്‍ആന്‍ പാരായണമല്ലാതെ മറ്റൊന്നിലും വ്യാപൃതനായിരുന്നില്ല. അധ്യാപനം, ഫത്‌വ നല്‍കല്‍, ജനങ്ങള്‍ക്കുവേണ്ടി ഇരിക്കല്‍ പോലെയുള്ള സാധാരണ വൃത്തികളെല്ലാം ഈ കാലയളവില്‍ അദ്ദേഹം മാറ്റിവെച്ചു. റമദാന്‍ ഖുര്‍ആന്റെ മാസമാണെന്നും അതിനാല്‍ ഖുര്‍ആന്‍ പാരായണത്തിനാണ് അത് വിനിയോഗിക്കേണ്ടത് എന്നുമായിരുന്നു ഇതിനു കാരണമായി അദ്ദേഹം പറഞ്ഞിരുന്നത്.

റമദാന്‍ കാലങ്ങളില്‍ മുന്‍ഗാമികളായ വിശ്വാസികളുടെ വീടുകളില്‍നിന്നും തേനീച്ചയുടെ മൂളക്കം പോലെ ഖുര്‍ആന്‍ ഓത്തിന്റെ മുഴക്കം കേള്‍ക്കാമായിരുന്നു. വെളിച്ചവും പ്രസന്നതയും അവിടെ കളിയാടിയിരുന്നു. അവര്‍ സര്‍വ്വ നിയമങ്ങളും പാലിച്ചുകൊണ്ട് പല ആവര്‍ത്തി ഖുര്‍ആന്‍ ഓതിത്തീര്‍ത്തു. സന്തോഷത്തെ പരാമര്‍ശിക്കുന്നിടത്ത് അവര്‍ സന്തോഷിക്കുകയും സന്താപത്തെ പരാമര്‍ശിക്കുന്നിടത്ത് അവര്‍ കരയുകയും ചെയ്തു. അതോടൊപ്പം അതിലെ കല്‍പനകളെ അംഗീകരിക്കുകയും വിരോധനകളെ ജീവിതത്തില്‍നിന്നും പാടെ വര്‍ജ്ജിക്കുകയും ചെയ്തു.

ഇബ്‌നു മസ്ഊദ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. അദ്ദേഹം ഒരിക്കല്‍ പ്രവാചക സവിധം നിസാഅ് സൂറത്തിന്റെ ആദ്യഭാഗം പാരായണം നടത്തുകയായിരുന്നു. ഓതിയോതി 'ഓരോ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ഇക്കൂട്ടര്‍ക്കെതിരില്‍ അങ്ങയെ നാം സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ?' എന്ന സൂക്തമെത്തിയപ്പോള്‍ പ്രവാചകന്‍ ഓത്ത് നിര്‍ത്താന്‍ പറഞ്ഞു. ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ഞാന്‍ അപ്പോള്‍ പ്രവാചകനെ വീക്ഷിച്ചു. ആ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.' തന്റെ സ്‌നേഹ ഭാജനമായ അല്ലാഹുവിന്റെ കലാം (സംസാരം) കണ്ണീരൊഴുക്കുന്ന പ്രവാചകരെയാണ് ഇവിടെ നാം കാണുന്നത്.

മറ്റൊരു സംഭവം ഹദീസില്‍ നിവേദനം ചെയ്യപ്പെട്ടത് ഇങ്ങനെയാണ്: ഒരിക്കല്‍ അബൂ മൂസാ (റ) ഖുര്‍ആന്‍ പാരായണം നടത്തുന്നത് പ്രവാചകന്‍ ശ്രദ്ധിച്ചു കേട്ടു. പിന്നീട് തിരുമേനി പറഞ്ഞു: 'ഇന്നലെ രാത്രി ഞാന്‍ താങ്കളുടെ ഖിറാഅത്ത് ശ്രദ്ധിച്ചത്  താങ്കള്‍ അറിഞ്ഞിരുന്നില്ലേ? നിശ്ചയം ആലു ദാവൂദിന്റെ ശബ്ദമാധുര്യം നല്‍കപ്പെട്ടിരിക്കുന്നു താങ്കള്‍ക്ക്.' അബൂ മൂസാ (റ) പറഞ്ഞു: 'അങ്ങ് ശ്രവിക്കുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ എന്റെ ശബ്ദമാധുര്യം ഇനിയും വര്‍ദ്ധിപ്പിക്കുമായിരുന്നു.' ഖുര്‍ആന്‍ പാരായണം മാത്രമല്ല, അത് ശ്രദ്ധിക്കലും പവിത്രമാണെന്ന് പഠിപ്പിക്കുകയാണ് ഇവിടെ പ്രവാചകന്‍.

സ്വഹാബികള്‍ സംഗമിക്കുന്ന ഇടങ്ങളില്‍വെച്ച് ഉമര്‍ (റ) അബൂ മൂസാ (റ) വിനെ വിളിച്ച് ഇങ്ങനെ പറയുമായിരുന്നുവത്രെ: 'അബൂ മൂസാ, ഞങ്ങളുടെ ഹൃദയങ്ങളില്‍ നീ അല്ലാഹുവിനെക്കുറിച്ച ഓര്‍മകള്‍ വളര്‍ത്തുക.' പ്രതികരണമെന്നോണം അദ്ദേഹം തന്റെ വശ്യമായ ശബ്ദത്തില്‍ ഖുര്‍ആന്‍ പാരായണം തുടങ്ങും. ഇതു കേട്ട് അവിടെയുള്ളവര്‍ കൂട്ടത്തോടെ കരയുമായിരുന്നുവത്രെ.

എന്നാല്‍, കാലം മാറി. പിന്നീടു വന്ന ജനങ്ങള്‍ ദുഷിക്കുകയും ഖുര്‍ആന്‍ ശ്രദ്ധിക്കുകയെന്ന രീതിയില്‍നിന്നും അവര്‍ പിന്നോട്ട് പോവുകയും ചെയ്തു. ഇതോടെ പിന്‍തലമുറയുടെ വളര്‍ച്ച മുരടിക്കുകയും അവസ്ഥകള്‍ കീഴ്‌മേല്‍ മറിയുകയും അവരുടെ മനസ്സുകള്‍ രോഗഗ്രസ്തമാവുകയും ചെയ്തു.

ഖുര്‍ആനിനു പകരം തല്‍സ്ഥാനത്ത് അവര്‍ മറ്റു പലതിനെയും മനസ്സില്‍ പ്രതിഷ്ഠിച്ചപ്പോള്‍ നാട്ടില്‍ കുഴപ്പങ്ങള്‍ തുടങ്ങി. പരീക്ഷണങ്ങള്‍ വര്‍ദ്ധിച്ചു. ആശയക്കുഴപ്പങ്ങള്‍ കൂടുകയും ചിന്തകള്‍ മരവിക്കുകയും ചെയ്തു.

എന്നാല്‍, ജനങ്ങളെ സല്‍പന്ഥാവിലേക്ക് വഴിനടത്തുകയെന്നതാണ് ഖുര്‍ആന്റെ എന്നത്തെയും ധര്‍മം. അത് ഹൃദയ വെളിച്ചവും രോഗങ്ങള്‍ക്കുള്ള ശമനവുമാണ്. അത് അതിന്റെ വാഹകര്‍ക്ക് അറിവും സംസ്‌കാരവും നല്‍കുന്നു. വിജയവും ഊര്‍ജവും രക്ഷയും ഉറപ്പ് തരുന്ന ദൈവിക ഗ്രന്ഥമാണത്. മനുഷ്യനു മുമ്പിലെ ദൈവിക ഭരണഘടനയായി അത് എന്നെന്നും ശേഷിക്കും. ആയതിനാല്‍, ഖുര്‍ആന്റെ മഹത്വം തിരിച്ചറിയുകയും അതിലൂടെ രക്ഷയുടെ വഴി പിന്തുടരുകയും റമദാനിലും അല്ലാത്തപ്പോഴും ഖുര്‍ആനോടൊപ്പം ജീവിക്കാന്‍ നാം തയ്യാറാവുകയും ചെയ്‌തേ മതിയാവൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പുണ്യം കൊണ്ടൊരു തഴമ്പ്!

പ്രവാചകപൗത്രന്‍ ഹുസൈന്‍റെ(റ) മകനാണ് സൈനുല്‍ ആബിദീന്‍ .  അലി എന്നായിരുന്നു യഥാര്‍ത്ഥ പേരെങ്കിലും ആരാധനയിലുള്ള സൂക്ഷ്മതയും ഭക്തിയും കൊണ്ട് ...