2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

നിസ്കാരവും....അനുബന്ധവിഷയങ്ങളും...7

ദുആഇന്റെ ശ്രേഷ്ഠതകള്‍

പ്രാര്‍ത്ഥന ഒരു ആരാധനയാണ്. മാത്രമല്ല അത് വിശ്വാസിയുടെ ആയുധം കൂടിയാണ്. അടിമയുടെ സന്താപങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാന്‍ പരിഹാര മാര്‍ഗ്ഗവും ലഭിക്കുന്ന പരമമായ ഒരിടമാണത്. നബി(സ്വ) ഒരിക്കല്‍ അരുള്‍ ചെയ്തു. കുറ്റകരമായതോ കുടുംബ ബന്ധം മുറിക്കുന്നതോ അല്ലാത്ത വിശ്വാസിയുടെ ഏതൊരു പ്രാര്‍ത്ഥനക്കും മൂന്നിലൊരു പ്രതിഫലം സുനിശ്ചിതമാണ്. ഒരു പക്ഷെ അവന്റെ തേട്ടത്തിന് ഉടനടി പരിഹാരമുണ്ടാകും. അതല്ലെങ്കില്‍ പരലോകത്തേക്ക് അതിന്റ പ്രതിഫലം മാറ്റിവെക്കും. അതുമല്ലെങ്കില്‍ വല്ല ആപത്തും അതുമൂലം നീങ്ങിപ്പോകും അതുകൊണ്ടുതന്നെ വിശ്വാസിയുടെ തേട്ടങ്ങള്‍ ഒരു നിലക്കും വിഫലമാവുന്നില്ല. പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുക. പ്രാര്‍ത്ഥനാ നിരതനാവുക.
ഒരവസരത്തില്‍ തിരുനബി(സ്വ)യോട് ചോദിച്ചു ഏത് പ്രാര്‍ത്ഥനയാണ് നബിയെ ഉടനടി മറുപടി പ്രതീക്ഷിക്കപ്പെടുന്നത്. അവിടുന്ന് പ്രതിവധിച്ചു. പാതിരാ സമയങ്ങളിലും ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാര്‍ത്ഥനകള്‍.

ദുആഇന്റെ മര്യാദകള്‍
തന്റ സങ്കടങ്ങളും ആവലാതികളും കേള്‍ക്കാനും പരിഹരിക്കാനും പൂര്‍ണ്ണവും പരമവുമായ ആയ കഴിവുള്ള നാഥനോട് ഇരവ് തേടുമ്പോള്‍ നിര്‍ബന്ധമായും ചിലമര്യാദകള്‍ പാലിക്കേണ്ടതുണ്ട് പ്രാര്‍ത്ഥനയുടെ തുടക്കവും ഒടുക്കവും ഹംദ് സ്വലാത്ത് എന്നിവകൊണ്ടായിരിക്കണം. മാത്രവുമല്ല, അവസാനിക്കുമ്പോള്‍ ആമീന്‍ ഉണ്ടായിരിക്കണം. ഇവയെല്ലാം സുന്നത്താണ്.
ശുദ്ധമായ കൈകള്‍ ചുമലിന്റെ നേരെ ഉയര്‍ത്തി ഇമാമും ഒറ്റക്ക് നിസ്‌കരിക്കുന്നവനും ഖിബ്‌ലക്കഭിമുഖമായും നിസ്‌കര ശേഷം ഇമാം വലതുഭാഗം മഅ്മൂമിലേക്കും ഇടതുഭാഗം ഖിബ്‌ലയിലേക്കുമായി തിരിഞ്ഞ് ദുആ ചെയ്യലും ദുആയില്‍ നിന്നും വിരമിക്കുേമ്പോള്‍ കൈകള്‍കൊണ്ട് മുഖം തടവലും സുന്നത്താണ്.

നിസ്‌കാരത്തിന്റെ സുന്നത്തുകള്‍
മുമ്പ് വിശദീകരിച്ച 14 ഫര്‍ളുകളൊഴികെയുള്ളതെല്ലാം സുന്നത്തായ കര്‍മങ്ങളാണ്. ഈ സുന്നത്തുകളെ അബ്ആള് എന്നും  ഹൈആത്ത് എന്നും വേര്‍തിരിച്ചിരിക്കുന്നു. ആദ്യത്തെ അത്തഹിയാത്ത് അതിനുവേണ്ടി ഇരിക്കല്‍, ഖുനത്ത്, ഖുനൂത്തിന് വേണ്ടി നില്‍ക്കല്‍, ആദ്യത്തെ അത്തഹിയാത്തിനും സ്വലാത്തിനും ശേഷം നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍. അവസാനത്തെ അത്തഹിയാത്തിനും ഖുനൂത്തിനും ശേഷം നബികുടുംബത്തിന് വേണ്ടി സ്വലാത്ത് തുടങ്ങിയവയെല്ലാം അബ്ആള് സുന്നത്തുകളാണ്. ഇവയിലൊന്ന് ഉപേക്ഷിച്ചാല്‍ സഹ്‌വിന്റെ സുജൂദ് ചെയ്ത് പരിഹരിക്കണം.

സഹ്‌വിന്റെ സുജൂദ്
സലാമിന്റ മുമ്പ് ഘട്ടത്തില്‍ രണ്ട് സുജൂദ് ചെയ്യല്‍ സുന്നത്താണ്. സാധാരണ ചെയ്യുന്ന സുജൂദ്, ഇടയിലുള്ള ഇരുത്തം എന്നിവക്കും സമാനമായത് തന്നെയാണ് ഇതിലെ സുജൂദും ഇടയിലുള്ള ഇരുത്തവുമെല്ലാം. എന്നാല്‍ സുജൂദ് ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ സഹ്‌വിന്റെ ചെയ്യുന്നുവെന്ന് കരുതല്‍ നിര്‍ബന്ധമാണ്.

നിസ്‌കാരത്തിന്റെ കറാഹത്തുകള്‍
കുറ്റമറ്റ ഒരു സമ്പൂര്‍ണ്ണ നിസ്‌കാരത്തിന് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് കറാഹത്തുകള്‍. ഇവ നിസ്‌കാരത്തിന്റെ സമ്പൂര്‍ണ്ണതയെ നഷ്ടപ്പെടുത്തുന്നതോടൊപ്പം ഒത്തിരി പ്രതിഫലങ്ങളും നഷ്ടപ്പെടുത്തുന്നു.
1. തിരിഞ്ഞുനോക്കല്‍
ശ്രദ്ധതിരിക്കുന്ന ചിത്രപണികളുള്ള വസ്ത്രത്തിലേക്കോ മറ്റോ നോക്കലും കറാഹത്താണ്. അതുകൊണ്ടുതന്നെ വരകളുള്ള വസ്ത്രം ധരിച്ചോ അതിലേക്ക് അഭിമുഖമായോ അതില്‍ നിന്നോ നിസ്‌കരിക്കലും കറാഹത്താണ്.
2. തുപ്പല്‍
നിസ്‌കാരത്തിലും അല്ലാത്തപ്പോഴും മുമ്പിലേക്കും വലതുഭാഗത്തേക്കും തുപ്പല്‍ കറാഹത്താണ്. പള്ളിയില്‍ ഏതുവശത്തേക്കാണെങ്കിലും തുപ്പല്‍ ഹറാമാണ്.
3. തലമറക്കാതിരിക്കല്‍
തലയും ചുമലും തുറന്നിടുക. ത്വവാഫിലെ പോലെ പൂണൂല്‍ വേഷം ധരിക്കുക തുടങ്ങിയവ കറാഹത്താണ്.
4. വിസര്‍ജ്ജന ശങ്കയില്‍ നിസ്‌കാരം
കാഷ്ടിക്കാനോ മൂത്രക്കാനോ കീഴ്‌വായുവിനോ ശക്തമായ ശങ്കയുള്ളപ്പോള്‍ നിസ്‌കരിക്കല്‍ കറാഹത്താണ്.
5. ഭക്ഷണ സാന്നിധ്യത്തില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് ആശയുണ്ടായിരിക്കെ അവയുടെ സാന്നിധ്യത്തില്‍ നിസ്‌കാരം കറാഹത്താണ്.
6. വഴിയില്‍ വച്ചുള്ള നിസ്‌കാരം

നിസ്‌കാരം ബാത്വിലാക്കുന്ന കാര്യങ്ങള്‍
നിസ്‌കാരം മുറിക്കുന്നുവെന്ന് കരുതുക. ഏതെങ്കിലും കാര്യത്തോട് ബന്ധപ്പെടുത്തി നിസ്‌കാരം മുറിക്കുന്നുവെന്നോ സംശയിക്കുകയോ ചെയ്യുക. നിസ്‌കാരത്തന്റെ പ്രവര്‍ത്തനങ്ങളുടെ ഗണത്തില്‍ പ്രവര്‍ത്തികള്‍ തുടരെ അധികം സംഭവിച്ചെന്ന് ഉറപ്പാവുക തുടങ്ങിയ കാരണങ്ങളാല്‍ നിസ്‌കാരം ബാത്വിലാകും.
ചാട്ടമില്ലാതെ രണ്ടടി നടക്കുക. രണ്ട് പ്രാവശ്യം അടിക്കുക പോലുള്ള കുറഞ്ഞ പ്രവര്‍ത്തികള്‍കൊണ്ട് നിസ്‌കാരത്തിന് കുഴപ്പമില്ല. എങ്കിലും തുടര്‍ച്ചയായി മൂന്ന് പ്രവര്‍ത്തി ഉദ്ദേശിച്ചവന്‍ ഒന്നു ചെയ്താലും അതു തുടങ്ങിയാല്‍ തന്നെയും നിസ്‌കാരം ബാത്വിലാകും.
തുടര്‍ച്ചയായ മൂന്ന് ചവക്കലകൊണ്ടും മൂന്ന് ചവിട്ടടികൊണ്ടും നിസ്‌കാരം ബാത്വിലാകും. ഒരു ചവിട്ടടികൊണ്ട് ഉദ്ധേശം ഒരു കാല്‍ മുന്നോട്ടോ മറ്റോ നീക്കുക എന്നാണ്. അതിന്റെ കൂടെ അടുത്ത കാല്‍ കൂടി നീക്കിയാല്‍ അത് ഉടന്‍ തന്നെ അല്ലെങ്കിലും രണ്ട് ചവിട്ടടിയായി. എന്നാല്‍ തലയും ഇരു കൈകളും ഒരു പ്രാവശ്യം ചലിപ്പിച്ചാലും നിസ്‌കാരം ബാത്വിലാകും. അത് ഒപ്പമാണെങ്കിലും ശരി. ഇപ്രകാരം നിസ്‌കാരത്തില്‍ ഒരു പ്രാവശ്യമാണെങ്കിലും ചാടിയാലും നിസ്‌കാരം ബാത്തിലാകും.
നിസ്‌കാരത്തില്‍ സംഭവിക്കുന്ന നേരിയ ചലനങ്ങള്‍ നിസ്‌കാരത്തിന്റെ സാധൂകരണത്തെ ബാധിക്കുകയില്ല. മാന്തുമ്പോഴോ തസ്ബീഹ് മാല മറിക്കുമ്പോഴോ കൈപ്പടം മുഴുവന്‍ ചലിപ്പിക്കാതെയുള്ള വിരലുകളുടെ അനക്കം കണ്‍ പോളകള്‍, ചുണ്ട്, ലിംഗം, നാവ് എന്നിവയുടെതിന് ഉദാഹരണണമാണ്. പക്ഷെ ഒരു വ്യക്തി മുന്‍ കൈ മൂന്ന് പ്രാവശ്യം ചലിപ്പിച്ചാല്‍ നിസ്‌കാരം അസാധുവാണ്.

ശബ്ദങ്ങള്‍
ഖുര്‍ആന്‍ ദിക്‌റ്, ദുആ അല്ലാത്ത തുടര്‍ച്ചയായ രണ്ടക്ഷരം മനപ്പൂര്‍വ്വം ഉച്ചരിക്കുന്നതുകൊണ്ട് ബാത്വിലാകും ആയതിനാല്‍ തൊണ്ടയനക്കുമ്പോഴും ചുമ, കരച്ചില്‍, തുമ്മല്‍, ചിരി തുടങ്ങിയവ കാരണമായി രണ്ട് അക്ഷരം ഉണ്ടായാല്‍ നിസ്‌കാരം അസാധുവാകും . ഇപ്രകാരം തന്നെ ഖുനൂത്, സൂറത്ത് എന്നിവക്കുവേണ്ടി അല്ലെങ്കില്‍ ഫാത്വിഹ ഉറക്കെ ഓതാന്‍ വേണ്ടി രണ്ടക്ഷരം പുറപ്പെടുന്ന പക്ഷം നിസ്‌കാരം ബാത്തിലാണ്. എന്നാല്‍ നിയന്ത്രണാധിതമായ ചുമ തുമ്മല്‍ തുടങ്ങിയവ മൂലം നിസ്‌കാരം ബാത്വിലാകില്ല.
മാത്രമല്ല, അര്‍ത്ഥമുള്ള ഒരക്ഷരം ഉച്ചരിക്കുക, അല്ലെങ്കില്‍ ദീര്‍ഘാക്ഷരം മൊഴിയുക ഇവയെല്ലാം നിസ്‌കാരത്തെ അസാധുവാക്കുന്ന കാര്യങ്ങളാണ്. കാരണം ദീര്‍ഘാക്ഷരം യഥാര്‍ത്ഥത്തില്‍ രണ്ടക്ഷരം തന്നെയാണ്.

ഭക്ഷണം കഴിക്കുക
നോമ്പ് മുറിക്കുന്ന വസ്തുക്കള്‍ അതെത്ര കുറച്ചാണെങ്കിലും ഉള്ളിലേക്ക് പ്രവേശിക്കുക, തലയില്‍ നിന്ന് വായയുടെ ബാഹ്യ പരിധിയിലേക്ക് ഇറങ്ങിയ കഫം വിഴുങ്ങുക. ഊ നില്‍ നിന്നുള്ള രക്തം കൊണ്ട് നജസായ തുപ്പുനീര്‍, അത് കലര്‍പ്പില്ലെങ്കിലും കീഴ്‌പോട്ട് ഇറക്കുക. വെറ്റിലയുടെ ചുവപ്പുകൊണ്ട് നിറഭേദം വന്ന തുപ്പുനീര്‍ വിഴുങ്ങുകതുടങ്ങിയ കാര്യങ്ങള്‍ സംബവിക്കുന്നത് നിസകാരം ബാത്തിലാകന്‍ കാരണമാകും. പല്ലുകള്‍ക്കിടയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഇറങ്ങിപ്പോയാലും ഇപ്രകാരം തന്നെ.
മനപ്പൂര്‍വ്വം സുജൂദ് റുകൂഅ് തുടങ്ങിയ ഒരു കര്‍മപരമായ ഫര്‍ളിനെ കൂടുതലാക്കുക. അല്ലെങ്കില്‍ നിസ്‌കാരത്തിന്റെ ഫര്‍ളുകളില്‍ നിന്ന് നിര്‍ണിതമായ ഒന്നിനെ സുന്നത്തെന്ന് തുടങ്ങിയ കാരണവും സ്‌കാരം അസാധുവാകാന്‍ മതിയായവയാണ്.

നഗ്നത വെളിവായാല്‍
ഉദ്ദേശപൂര്‍വ്വമല്ലെങ്കിലും അശുദ്ധിയുണ്ടായാല്‍ നിസ്‌കാരം ബാത്വിലാകും.ഇപ്രകാരമാണ് മാപ്പില്ലത്ത നജസ് ദേഹത്ത് ഉടന്‍ തട്ടിമാറ്റുകയും ചെയ്തിട്ടില്ലെങ്കിലുള്ള വിധി. അവിചാരിതമായി നഗ്നത വെളിവാക്കുന്നതും തഥൈവ.
ബോധ പൂര്‍വ്വം ഒരു ഫര്‍ളിനെ ഉപേക്ഷിക്കുക. നിയ്യത്തിലോ ശര്‍ത്തുകളിലോ സംശയിക്കുകയും അതേ അസ്ഥയില്‍ ഒരു വാചികമോ കര്‍മ്മപരമോ ആയ ഫര്‍ള് കഴിയുക, അല്ലെങ്കില്‍ സമയം ദീര്‍ഘിപ്പിക്കുക എന്നിവകൊണ്ടും നിസ്‌കാരം നഷ്ടമാകും.

ജമാഅത്ത് നിസ്‌കാരം
സംഘടിത നിസ്‌കാരം ഒറ്റക്കു നിസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി മഹത്വമുണ്ട്. അതായത് ഒറ്റക്കു നിസ്‌കരിക്കുന്നതിലേറെ ഇരുപത്തേഴ് നേട്ടങ്ങള്‍ ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ ഉണ്ടെന്ന് ഹദീസ വിവക്ഷ. മാത്രമല്ല ജമാഅത്ത് ഉപേക്ഷിക്കല്‍ പുരുഷന്‍മാര്‍ക്ക് കറാഹത്താണ്. ഒരു നാട്ടില്‍ ഓരോ ഫര്‍ള് നിസ്‌കാരങ്ങള്‍ക്കും ജമാഅത്ത് നിസ്‌കാരം നടക്കുകയെന്നത നാട്ടുകാരുടെ മേല്‍ നിര്‍ബന്ധ ബാധ്യതയാണ്.

ബാങ്ക്, ഇഖാമത്ത്
ബാങ്കും ഇഖാമത്തും പുരുഷന്‍മാര്‍ക്ക് സുന്നത്താണ്. അവന്‍കുട്ടിയോ ഒറ്റക്ക് നിസ്‌കരിക്കുന്നവനോ മറ്റൊരാളുടെ ബാങ്ക് കേട്ടവനോ ആണെങ്കിലും എന്നാല്‍ ജമാഅത്തിന്റെ ബാങ്ക് കേള്‍ക്കുകയും അവരുടെ കൂടെ നിസ്‌കരിക്കാന്‍ ഉദ്ധേശിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ബാങ്ക് സുന്നത്തില്ല.
നഷ്ടമാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയോ. ജംആക്കി നിസ്‌കരിക്കുകയോ ആസന്നമായതും നഷ്ടമായതും കൂടി നിര്‍വഹിക്കുകയോ ഒന്നിലേറെ നിസ്‌കാരങ്ങള്‍ തുടര്‍ച്ചയായി നിര്‍വഹിക്കുമ്പോള്‍ ആദ്യത്തേതില്‍ ബാങ്കും ഇഖാമത്തും ശേഷിക്കുന്നവയില്‍ ഇഖാമത്ത് മാത്രവും നിര്‍വഹിക്കല്‍ സുന്നത്താണ്.
സ്ത്രീകള്‍ക്ക് പതുക്കെ ഇഖാമത്ത് നിര്‍വഹിക്കല്‍ മാത്രമാണ് സുന്നത്ത്. പെരുന്നാള്‍ നിസ്‌കാരം, തറാവീഹ് നിസ്‌കാരം, റമളാനില്‍ തറാവീഹിന്റെ കൂടെയില്ലാതെ നിസ്‌കരിക്കുന്ന വിത്‌റ്, ഗ്രഹണ നിസ്‌കാരം എന്നിവയുടെ ജമാഅത്തിനുവേണ്ടി *** എന്നുവിളിക്കല്‍ സുന്നത്താണ്.
ജമാഅത്തിന് വേണ്ടി ബാങ്ക് വിളിക്കുന്നവര്‍ അതിന്റെ മുഴുവന്‍ വാചകങ്ങളും ഒരാളെങ്കിലും കേള്‍ക്കുന്നവിധത്തില്‍ ശബ്ദത്തില്‍ അത് നിര്‍വഹിക്കണം. എന്നാല്‍ ഒറ്റക്ക് നിര്‍വഹിക്കുന്നതിന് വേണ്ടി വാങ്കും ഇഖാമത്തും സ്വശരീരത്തെ കേള്‍പ്പിച്ചാല്‍ മതി.
എല്ലാ ബാങ്കിലും തര്‍ജീഅ് ആയാതയത് രണ്ട് സഹാദത്തിന്റെ വചനങ്ങള്‍ ഉറക്കെ പറയലും അടുത്തുള്ളവര്‍ കേള്‍ക്കും വിധം പറയല്‍ സുന്നത്താണ്. നിന്ന്‌കൊണ്ട് ബാങ്ക് നിര്‍വഹിക്കുമ്പോള്‍ * എന്ന് രണ്ട് തവണ പറയുമ്പോഴും ആദ്യം വലതുഭാഗത്തേക്കു തിരിഞ്ഞ് പിന്നീട് മുഖം ഖിബ്‌ലയുടെ നേരെയാക്കി പിന്നീട് പിന്നീട് * പറയുമ്പോള്‍ മുഖം ഇടതു ഭാഗത്തേക്കും തിരിക്കല്‍ സുന്നത്താണ്. ഖുത്വുബയുടെ ബാങ്കിലും സ്വന്തമായി നിസ്‌കരിക്കുമ്പോഴുള്ള ബാങ്കിലും ഇത് സുന്നത്ത്‌തന്നെ.

നിസ്‌കാരം: നജസ് പുരണ്ടാല്‍

കുഞ്ഞുങ്ങളെ പോറ്റുന്ന ഉമ്മമാര്‍ക്ക് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് ധാരാളം പ്രതിഫലം ലഭിക്കും.  എന്നാല്‍ കുഞ്ഞുങ്ങളുടെ മലവും മൂത്രവും കൊണ്ട് വസ്ത്രവും സ്ഥലവും അശുദ്ധമാകുന്നു എന്ന കാരണം പറഞ്ഞ് നിസ്‌കാരം ഉപേക്ഷിക്കുന്ന ചില്ല ഉമ്മമാരുണ്ട്.  അത് തെറ്റാണ്.

കുഞ്ഞുങ്ങളില്‍ നിന്ന് പുറപ്പെടുന്ന നജസ് ശരീരത്തിന്റെ ഒരു ഭാഗത്ത് ആയാല്‍ കുളിച്ചെങ്കിലേ നിസ്‌കാരം ശരിയാവുകയുള്ളൂവെന്നും വസ്ത്രത്തിന്റെ ഒരു ഭാഗത്തായാല്‍ വസ്ത്രം മുഴുവനും കഴുകണമെന്നും വീട്ടിന്റെ ഒരു ഭാഗത്തായാല്‍ വീടു മുഴുവന്‍ കഴുകണമെന്നും മനസ്സിലാക്കിയവരുണ്ട്.  ഇത് ശരിയല്ല.  ശരീരത്തിന്റെയോ വസ്ത്രത്തിന്റെയോ ഒരു ഭാഗത്ത് നജസ് പുരണ്ടാല്‍ ആ സ്ഥലം മാത്രം കഴുകിയാല്‍ മതിയാവും.  നജസായ സ്ഥലത്ത് വെള്ളം ഒഴിച്ചുകൊണ്ടാണ് ശുദ്ധിയാക്കേണ്ടത്.  അല്ലാതെ നസജ് പുരണ്ട കയ്യോ തുണിയോ പാത്രത്തിലുള്ള വെള്ളത്തിലിട്ട് വൃത്തിയാക്കിയാല്‍ അവ നജസില്‍ നിന്ന് ശുദ്ധിയാവുകയില്ല.

നജസായ തുണി വാഷിങ്ങ് മെഷീനില്‍ ഇടുന്നതിനു മുമ്പ് നജസിനെ പൂര്‍ണ്ണമായും കഴുകിക്കളയണം.  പിന്നെ തുണിയിട്ട ശേഷം വെള്ളം ഒഴിക്കുക. മെഷീനില്‍ വെള്ളം നിറച്ച ശേഷം അതില്‍ നജസായ തുണിയിട്ടു കഴുകിയതുകൊണ്ട് മാത്രം ശുദ്ധിയാവുകയില്ല.

വീട്ടിനുള്ളില്‍ കുട്ടികള്‍ കാഷ്ഠിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ ആദ്യം തുണികൊണ്ടോ മറ്റോ നജസിന്റെ തടി മണവും നിറവുമൊന്നും അവശേഷിക്കാത്ത നിലയില്‍ പൂര്‍ണ്ണമായും തുടച്ചു മാറ്റണം.  ശേഷം അവിടെ വെള്ളം ഒഴിക്കുന്നതോടെ ആ സ്ഥലം ശുദ്ധിയുള്ളതാകും.  വേണമെങ്കില്‍ ശുദ്ധമായ ഒരു തുണികൊണ്ടോ മറ്റോ അവിടെ ഒഴിച്ച വെള്ളം ഒപ്പിയെടുക്കാവുന്നതാണ്.

നജസായ തുണി വെള്ളമുള്ള പാത്രത്തില്‍ ഇട്ടുകഴുകിയാല്‍ ആ വെള്ളവും കൂടി നജസാവും.  ഇനി ആ തുണികൊണ്ട് വേറെ എവിടെയെങ്കിലും തുടച്ചാല്‍ തുടച്ച സ്ഥലവും നജസാവും.

നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ ഗൗരവം

ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിച്ചയാള്‍ കാഫിറാണെന്ന് പറയപ്പെട്ടിട്ടുണ്ട്.. മറ്റൊരു ഇബാദത്ത് ഉപേക്ഷിച്ചവരെക്കുറിച്ച് ഇത്രയും ഗൗരവമായി പറയപ്പെട്ടിട്ടില്ല.  നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ ഗൗരവം വിളിച്ചോതുന്ന ധാരാളം ഹദീസുകള്‍ ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിക്കുന്നു.  നിസ്‌ക്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാകുമെന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വിത്യാസമുണ്ടെന്ന്  വ്യക്തമാക്കിയ ശേഷം മഹാനവര്‍കള്‍ പറയുന്നു.

ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിച്ചവന്‍ കാഫിറാണ്,  അവന്‍ ശിര്‍ക്ക് ചെയ്തവനാണ്, അവന്‍ മതത്തില്‍ നിന്നു പുറത്തു പോയവനാണ്,  അല്ലാഹുവിന്റെയും റസൂലിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് അവന്‍ ഒഴിവായവനാണ്, അവന്റെ അമലുകള്‍ പൊളിഞ്ഞുപോകും.  അവന് ദീനും ഈമാനും ഇല്ല തുടങ്ങി.  (നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ) ഗൗരവത്തെ വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ മുമ്പു പറഞ്ഞുപോയിട്ടുണ്ട്.  പ്രസ്തുത ഹദീസുകളുടെ ബാഹ്യം പിടിച്ചുകൊണ്ട് സ്വഹാബത്ത്, താബിഉകളില്‍ നിന്നും അവര്‍ക്ക് ശേഷമുള്ളവരില്‍ നിന്നും ധാരാളം മഹാന്‍മാര്‍ പറഞ്ഞു.  ആരെങ്കിലും മനഃപ്പൂര്‍വ്വം നിസ്‌കാര സമയം മുഴുവന്‍ കഴിഞ്ഞു കടക്കുന്നതുവരെയും നിസ്‌കരിച്ചില്ലെങ്കില്‍ അവന്‍ കാഫിറാണ്.’ (സവാജിര്‍ 1 : 197)

എന്നാല്‍ ഇമാം ശാഫിഈ(റ)യെപ്പോലുള്ള പണ്ഡിതന്‍മാര്‍ നിസ്‌കാരം ഉപേക്ഷിച്ചതുകൊണ്ടുമാത്രം കാഫിറാവുകയില്ല എന്ന വീക്ഷണം ഉള്ളവരാണ് എങ്കിലും നിസ്‌കാരം ഉപേക്ഷിക്കല്‍ അനുവദനീയമാണ് അല്ലെങ്കില്‍ നിസ്‌കാരം നിര്‍ബന്ധമില്ല അല്ലെങ്കില്‍ നിസ്‌കാരം ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല തുടങ്ങിയ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തിക്കൊണ്ടാണ് ഒരാള്‍ ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിക്കുന്നതെങ്കില്‍ ശാഫിഈമദ്ഹബനുസരിച്ചും അവന്‍ കാഫിറാണ്.  ഇത്തരത്തിലുള്ള ഒരാള്‍ മരിച്ചാല്‍ അയാളുടെ മയ്യിത്ത് കുളിപ്പിക്കാനോ അയാള്‍ക്കു വേണ്ടി മയ്യിത്ത് നിസ്‌ക്കരിക്കാനോ പാടില്ല.  മാത്രവുമല്ല മുസ്‌ലീംകളുടെ ഖബ്ര്‍സ്ഥാനില്‍ അയാളെ ഖബറടക്കാനും പാടില്ല.  കാരണം അയാള്‍ കാഫിറാണ്.

നിസ്‌കരിച്ചാല്‍ ലഭിക്കുന്ന ഗുണം

ഒരാള്‍ ശ്രദ്ധിച്ച് ശരിയായ നിലയില്‍ നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ അഞ്ചു ഗുണങ്ങള്‍ കൊണ്ട് അല്ലാഹു അവനെ ആദരിക്കും.

1 – ജീവിത പ്രയാസം അല്ലാഹു അവനില്‍ നിന്നുയര്‍ത്തും

2 – ഖബ്ര്‍ ശിക്ഷയെ അവനില്‍ നിന്നുയര്‍ത്തും

3 – അവന്റെ കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം അവന്റെ വലം കൈയ്യില്‍ നല്‍കും.

4 – അവന്‍ മിന്നല്‍ വേഗത്തില്‍ സ്വിറാത്വ് കടക്കും

5 – ഹിസാബ് കൂടാതെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.

ഇമാം ഇബ്‌നുഹജറില്‍ ഹൈത്തമി(റ) സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ ഇതെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. (1 : 195)

ചുരുക്കത്തില്‍ നിസ്‌ക്കാരം ശരിയായ നിലയില്‍ ശ്രദ്ധിച്ച് നിര്‍വ്വഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഒന്നാമത്തെ ഗുണം ജീവിത പ്രയാസം നീങ്ങലാണ്.  മറ്റു ഗുണങ്ങള്‍ മരണാനന്തരമാണ് ലഭിക്കുന്നത്.

നിസ്‌കാരത്തെ അവഗണിക്കുന്നവര്‍ക്കുള്ളശിക്ഷകള്‍

നിസ്‌ക്കാരത്തെ അവഗണിക്കുന്നവര്‍ക്ക് പതിനഞ്ച് രീതിയിലുള്ള ശിക്ഷകള്‍ ലഭിക്കും.  അതില്‍ അഞ്ചെണ്ണം ഈ ഭൗതിക ലോകത്തുവെച്ചും മൂന്നെണ്ണം മരണ സമയത്തും മൂന്നെണ്ണം ഖബ്‌റില്‍ വെച്ചും മൂന്നെണ്ണം ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴും ലഭിക്കുന്നതാണ്.

ദുനിയാവില്‍ വെച്ചുണ്ടാകുന്ന അഞ്ച് ശിക്ഷകള്‍ :

1 – അവന്റെ ജീവിതത്തില്‍ ബറക്കത്തുണ്ടാവുകയില്ല

2 – സ്വാലിഹീങ്ങളുടെ (സജ്ജനങ്ങളുടെ) ലക്ഷണം അവന്റെ മുഖത്തു നിന്നും നീക്കം ചെയ്യപ്പെടും.

3 – അവന്റെ അമലുകള്‍ക്കൊന്നും അല്ലാഹു പ്രതിഫലം നല്‍കുകയില്ല.

4 – അവന്റെ ദുആകള്‍ സ്വീകരിക്കപ്പെടുകയില്ല.

5 – സജ്ജനങ്ങളുടെ ദുആയില്‍ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല.

മരണ സമയമുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :

1 – നിന്ദ്യനായി അവന്‍ മരണപ്പെടും

2 – അവന്‍ വിശന്നു മരിക്കും

3 – അവന്‍ ദാഹിച്ചു മരിക്കും.  ദുനിയാവിലെ സമുദ്രങ്ങളിലെ വെള്ളം അവനെ കുടിപ്പിക്കപ്പെട്ടാലും അവന്റെ ദാഹം ശമിക്കുകയില്ല.

ഖബ്‌റിലുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :

1 – വാരിയെല്ലുകള്‍ പരസ്പരം കോര്‍ത്തു പോകുന്ന നിലയില്‍ ഖബ്ര്‍ അവനെ ഞെരുക്കും.

2 – ഖബ്‌റില്‍ തീകത്തിക്കപ്പെടും.  രാപകലുകള്‍ ആ തീയില്‍ അവന്‍ മറിഞ്ഞു കൊണ്ടിരിക്കും.

3 – അവന്റെ ഖബ്‌റില്‍ ഒരു പാമ്പിനെ നിശ്ചയിക്കപ്പെടും.  അതിന്റെ പേര് ശുജാഉല്‍അഖ്‌റഅ് എന്നാണ്.  അതിന്റെ കണ്ണുകള്‍ തീകൊണ്ടുള്ളതും നഖങ്ങള്‍ ഇരുമ്പുകൊണ്ടുള്ളതുമാണ്.  ഓരോ നഖത്തിന്റെയും നീളം ഒരു ദിവസത്തെ വഴിദൂരവുമാണ്.  ഇടിമുഴക്കം പോലെയുള്ള ശബ്ദത്തില്‍ അത് അവനോടു പറയും നീ സുബഹി നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ സൂര്യന്‍ ഉദിച്ചുയരുന്നതുവരെയും ള്വുഹര്‍ നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ അസര്‍ വരെയും അസര്‍ നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ മഗ്‌രിബുവരെയും മഗ്‌രിബു നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ ഇശാഅ് വരെയും ഇശാഅ് നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ സുബഹി വരെയും നിന്നെ കൊത്തിക്കൊണ്ടിരിക്കുവാന്‍ എന്റെ റബ്ബ് എന്നോട് കല്‍പ്പിച്ചിരിക്കുന്നു.  ആ പാമ്പ് അവനെ ഒന്നു കൊത്തുമ്പോള്‍ തന്നെ എഴുപതു മുഴം ഭൂമിയില്‍ അവന്‍ താഴ്ന്നുപോകും.  ഖിയാമത്തു നാളുവരെയും ഖബ്‌റില്‍ അവന്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.

ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള ശിക്ഷകള്‍ :

1 – ശക്തമായ വിചാരണ നേരിടേണ്ടി വരും

2 – രക്ഷിതാവായ അല്ലാഹുവിന്റെ കോപമുണ്ടാവും

3 – നരകത്തില്‍ കടക്കേണ്ടി വരും

ഇതെല്ലാം ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിച്ചിട്ടുണ്ട്.  പതിനഞ്ച് ശിക്ഷകളില്‍ പതിനാലെണ്ണം മാത്രമാണ് ഇതുവരെയും പറഞ്ഞത്. പതിനഞ്ചാമത്തേത് ഇത് റിപ്പോര്‍ട്ടു ചെയ്ത റാവി മറന്നുപോയിട്ടുണ്ടാവാമെന്ന് മഹാനവര്‍കള്‍ പറയുന്നു. (സവാജിര്‍ 1 : 196)

നിസ്‌ക്കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അഞ്ച് രീതിയുള്ള ആദരവും നിസ്‌ക്കാരത്തെ അവഗണിച്ചവര്‍ക്കുള്ള ശിക്ഷകളും ഹദീസില്‍ വന്നിട്ടുള്ളതാണ്.

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: നിസ്‌ക്കാരം പാഴാക്കിയവന്റെ മുഖത്ത് മൂന്നു വരികള്‍ എഴുതപ്പെട്ടിരിക്കും.

ഒന്നാമത്തെ വരിയില്‍ : അല്ലാഹുവിനോടുള്ള കടമ പാഴാക്കിയവനേ

രണ്ടാമത്തെ വരിയില്‍ : അല്ലാഹുവിന്റെ കോപം കൊണ്ട് പ്രത്യേകമാക്കപ്പെട്ടവനേ

മൂന്നാമത്തെ വരിയില്‍ : നീ ദുനിയാവില്‍ വെച്ച് അല്ലാഹുവിനോടുള്ള കടമ പാഴാക്കിയതുപോലെ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നീയും നിരാശനായിക്കൊള്‍ക (സവാജിര്‍ 1 : 196)

നിസ്‌ക്കാരമുള്ളവര്‍ക്ക് ദുനിയാവിലും നാളെ ആഖിറത്തിലും അനുഗ്രഹങ്ങള്‍ ലഭിക്കും.  അതില്ലാത്തവര്‍ക്ക് ഈ ദുനിയാല്‍ തന്നെ അനുഗ്രഹവും സന്തുഷ്ടിയും നഷ്ടപ്പെടും.  മരണം മുതല്‍ വേദനയുടെ നാളുകളാണ് അവനെ പ്രതീക്ഷിച്ചിരിക്കുന്നത്.

ഖബ്‌റില്‍ തീ കത്തുന്നു

ഒരു മുന്‍ഗാമിയായ വ്യക്തിയില്‍ നിന്നുദ്ധരിക്കുന്നു : അദ്ദേഹത്തിന്റെ സഹോദരി മരണപ്പെട്ടപ്പോള്‍ അവളെ ഖബറടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പണസഞ്ചി ഖബ്‌റില്‍ വീണുപോയി.  പക്ഷേ അദ്ദേഹമത് അറിഞ്ഞിരുന്നില്ല.  ഖബറടക്കം കഴിഞ്ഞ് പിരിഞ്ഞപ്പോഴാണ് അതിനെക്കുറിച്ചോര്‍ത്തത്.  അങ്ങനെ അദ്ദേഹം മടങ്ങി വന്ന് ഖബ്‌റുമാന്തി നോക്കുമ്പോള്‍ ഖബ്‌റില്‍ അവളുടെ മേല്‍ തീകത്തുന്നു.  പിന്നെയദ്ദേഹം മണ്ണിട്ടു ഖബ്‌റുമൂടിയ ശേഷം വേദനയോടെ കരഞ്ഞുകൊണ്ട് സ്വന്തം ഉമ്മയുടെ സമീപത്തു വന്നു ചോദിച്ചു,

ഓ ഉമ്മാ എന്റെ സഹോദരിയുടെ പ്രവൃത്തി എന്തായിരുന്നുവെന്ന് എന്നെ അറിയിക്കണം.

ഉമ്മ ചോദിച്ചു, അവളെക്കുറിച്ച് നീ ചോദിക്കാന്‍ കാരണമെന്ത് ?

മകന്‍ : ഓ ഉമ്മാ ഖബ്‌റില്‍ അവളുടെ മേല്‍ തീ ആളിക്കത്തുന്നു.

ഉമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു : ഓ എന്റെ മോനെ നിന്റെ സഹോദരി നിസ്‌ക്കരിക്കുന്ന വിഷയത്തില്‍ വീഴ്ച വരുത്തുകയും നിസ്‌ക്കാരത്തെ അതിന്റെ സമയത്തെ തൊട്ടു പിന്തിക്കുകയും ചെയ്തിരുന്നു.

ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രബല ഗ്രന്ഥമായ തുഹ്ഫയുടെ രചയിതാവും ഫത്ഹുല്‍ മുഈനിന്റെ കര്‍ത്താവ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)യുടെ ഗുരുവര്യരുമായ ഇമാം ഇബ്‌നുഹജറില്‍ ഹൈതമി (റ) ഈ സംഭവം സവാജിറില്‍ ഉദ്ധരിച്ച ശേഷം പറഞ്ഞു.

നിസ്‌കാരത്തെ അതിന്റെ സമയത്തെയും വിട്ട് പിന്തിച്ചവര്‍ക്ക് ഈ അവസ്ഥയാണെങ്കില്‍ തീരെ നിസ്‌ക്കരിക്കാത്തവരുടെ അവസ്ഥ എന്തായിരിക്കും?’ (സവാജിര്‍ 1 : 196)

ഖസ്‌റും ജംഉം

അനുവദനീയമായ യാത്രയില്‍ നിബന്ധന പാലിച്ചുകൊണ്ട് നാലുറക്അത്തുള്ള ഫര്‍ള്വ് നിസ്‌ക്കാരത്തെ രണ്ടായി ചുരുക്കി നിസ്‌ക്കരിക്കുന്നതിനാണ് ഖസ്ര്‍ എന്നു പറയുന്നത്.  അതുപോലെ നിബന്ധന പാലിച്ചുകൊണ്ട് ളുഹറിനേയും അസറിനേയും ഒന്നിച്ചും മഗ്‌രിബിനേയും ഇശാഇനേയും ഒന്നിച്ചും നിസ്‌ക്കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്. അസറും മഗ്‌രിബും ഒന്നിച്ചോ സുബഹിയും മറ്റു നിസ്‌കാരങ്ങളും ഒന്നിച്ചോ നിസ്‌ക്കരിക്കല്‍ അനുവദനീയമല്ല.

ള്വുഹറിന്റെ സമയത്ത് അസറിനേയും മഗ്‌രിബിന്റെ സമയത്ത് ഇശാഇനേയും മുന്തിച്ച് നിസ്‌ക്കരിക്കുന്നതിന് ജംഅ്തഖ്ദീം (മുന്തിച്ച് ജം ആക്കല്‍) എന്നും അസറിന്റെ സമയത്ത് ള്വഹറിനേയും ഇശാഇന്റെ സമയത്ത് മഗ്‌രിബിനേയും പിന്തിച്ച് നിസ്‌ക്കരിക്കുന്നത് ജംഅ് തഅ്ഖീര്‍ (പിന്തിച്ച് ജംആക്കല്‍) എന്നും പറയുന്നു.

രണ്ടു മര്‍ഹലയോ അതില്‍ കൂടുതലോ അനുവദനീയമായ യാത്ര ചെയ്യുന്നവര്‍ക്കാണ് ഖസ്‌റും ജംഉം അനുവദനീയമാകുന്നത്. രണ്ട് മര്‍ഹല എന്നു പറയുന്നത് ഏകദേശം 132 കിലോമീറ്ററാണ്. മൂന്നു മര്‍ഹലയോ (198 കി.മീ) അതിലധികമോ യാത്ര ചെയ്യുന്നവര്‍ക്ക് ഖസ്‌റാക്കലാണ് ഉത്തമം.

എന്നാല്‍ ഹനഫീ മദ്ഹബില്‍ യാത്രക്കാര്‍ക്ക് ജംഅ് അനുവദനീയമല്ല.  ഈ ഒരു വിത്യസ്ത വീക്ഷണവും കൂടി പരിഗണിക്കുമ്പോള്‍ ശാഫിഈ മദ്ഹബുകാരും കഴിയുമെങ്കില്‍ ജംഅ് ഒഴിവാക്കി ഖസ്‌റില്‍ മാത്രം ചുരുക്കലയാരിക്കും നല്ലത്.  അല്ല യാത്രയില്‍ നിസ്‌ക്കാരം ഖള്വാ ആയിപ്പോകുമെന്നു കണ്ടാല്‍ ജംഅ് ആക്കി തന്നെ നിസ്‌ക്കരിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പുണ്യം കൊണ്ടൊരു തഴമ്പ്!

പ്രവാചകപൗത്രന്‍ ഹുസൈന്‍റെ(റ) മകനാണ് സൈനുല്‍ ആബിദീന്‍ .  അലി എന്നായിരുന്നു യഥാര്‍ത്ഥ പേരെങ്കിലും ആരാധനയിലുള്ള സൂക്ഷ്മതയും ഭക്തിയും കൊണ്ട് ...